ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യം; ഗിന്നസ് വേൾഡ് റെക്കോർഡ്സ് സെർട്ടിഫിക്കേറ്റ് കൈമാറി
പ്രദീപ് പുറവങ്കര
മനാമ: വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള (Highest density) രാജ്യമെന്ന ചരിത്രപരമായ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം ബഹ്‌റൈന്. ബഹ്‌റൈന്റെ ഈ പുതിയ ആഗോള റെക്കോർഡ് സർട്ടിഫിക്കറ്റ് ഗതാഗത വാർത്താവിനിമയ മന്ത്രിയും 'കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്' ചെയർമാനുമായ എച്ച്.ഇ ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് കൈമാറി. ഗുദൈബിയ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള പ്രതീകമായി ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര നേട്ടമെന്ന് മന്ത്രിസഭ വിലയിരുത്തി. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉയർത്തിപ്പിടിക്കുന്ന സഹവർത്തിത്വം, ബഹുസ്വരത, പരസ്പര സഹിഷ്ണുത എന്നീ മൂല്യങ്ങളോടുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ കിരീടാവകാശി വീണ്ടും ഊന്നിപ്പറഞ്ഞു. വ്യത്യസ്ത സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള ബഹ്‌റൈൻ ജനതയുടെ തുറന്ന മനസ്സിനെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ ഉയർത്തുന്നതിൽ ഈ സമീപനം വലിയ പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈന്റെ ഈ സഹിഷ്ണുതയുടെ മാതൃക ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിൽ 'കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്' വഹിക്കുന്ന പങ്കിനെ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രത്യേകം അഭിനന്ദിച്ചു. ധനകാര്യ മന്ത്രി എച്ച്.ഇ ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി എച്ച്.ഇ ഹമദ് ബിൻ ഫൈസൽ അൽ മാലിക്കി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
dsgdg

