നിയമലംഘനം: ബഹ്റൈനിൽ മൂന്ന് വിനോദസഞ്ചാര സ്ഥാപനങ്ങൾ അടപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിനോദസഞ്ചാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഉത്തരവിട്ടു. ബഹ്റൈനിലുടനീളം നടത്തിയ കർശന പരിശോധനകൾക്കിടയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ നടപടികൾ സ്വീകരിച്ചതെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ടൂറിസം മേഖലയെ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. അംഗീകൃത മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകളും നിരീക്ഷണ കാമ്പെയ്നുകളും തുടരും. നിയമലംഘനങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
sdad

