സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി ബഹ്റൈൻ; ഇ.ഡി.ബി. ബോർഡ് യോഗം വിളിച്ച് കിരീടാവകാശി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് (EDB) ചെയർമാൻ കൂടിയായ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ബഹ്റൈൻ ബേയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേർന്നു. ആഗോള സാമ്പത്തിക മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വെല്ലുവിളികളെ അനുകൂല അവസരങ്ങളാക്കി മാറ്റാൻ 'ടീം ബഹ്റൈൻ' നടത്തുന്ന ശ്രമങ്ങൾ തുടരണമെന്ന് കിരീടാവകാശി ആഹ്വാനം ചെയ്തു. ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങൾക്ക് ഈ നീക്കങ്ങൾ കരുത്തുപകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2025-ൽ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് കൈവരിച്ച മികച്ച നേട്ടങ്ങളെ യോഗത്തിൽ കിരീടാവകാശി അഭിനന്ദിച്ചു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണം ഉറപ്പാക്കുന്നതിനും ടീം ബഹ്റൈന്റെ കാര്യക്ഷമതയും വഴക്കവും ഏറെ സഹായിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ വികസന പദ്ധതികളുടെയും കേന്ദ്രബിന്ദുവും പ്രധാന ചാലകശക്തിയും ബഹ്റൈൻ പൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിന്ത് അലി അൽഖുലൈഫ് കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഇ.ഡി.ബി. രൂപീകൃതമായ ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണ് 2025-ൽ രാജ്യം കൈവരിച്ചത്. 107 നിക്ഷേപ പദ്ധതികളിലൂടെയായി 942 മില്യൺ ബഹ്റൈൻ ദീനാറിന്റെ (2.5 ബില്യൺ യു.എസ് ഡോളർ) പ്രാദേശിക-ആഗോള നേരിട്ടുള്ള നിക്ഷേപമാണ് ബഹ്റൈനിലേക്ക് എത്തിയത്. ഈ പദ്ധതികളിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അയ്യായിരത്തി എണ്ണൂറിലധികം (5,800) തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, വരും വർഷത്തേക്കുള്ള (2026) ഇ.ഡി.ബിയുടെ ലക്ഷ്യങ്ങളും മുൻഗണനാ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങളും ആഗോള വിപണിയിൽ ബഹ്റൈന്റെ മത്സരക്ഷമത ഉയർത്തുന്നതിനുള്ള ഭാവി പദ്ധതികളും യോഗം വിലയിരുത്തി.
sdsf

