വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി; യുഡിഎഫ് വിജയം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ടും, നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയം പ്രമാണിച്ച് മധുരം വിതരണം ചെയ്തുകൊണ്ടും ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഘോഷം സംഘടിപ്പിച്ചു. ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും വി.ഡി. സതീശന്റെ മതേതര നിലപാടുകൾക്കുള്ള അംഗീകാരമാണ് ഈ ജനവിധിയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വിമാനക്കമ്പനികളുടെ അമിത നിരക്ക് നിയന്ത്രിക്കുക, ഗൾഫ് മേഖലയിലെ തൊഴിൽ മാറ്റങ്ങൾ മൂലം തിരിച്ചെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിൽ വി.ഡി. സതീശൻ സർക്കാർ വേഗത്തിൽ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെച്ചു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്., ജീസൺ ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
വനിതാവിംഗ് പ്രസിഡന്റ് മിനി മാത്യു, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജിത്ത് മൊട്ടപ്പാറ, പാലക്കാട് ജില്ലാ പ്രസിഡന്റ് സൽമാനുൾ ഫാരിസ്, ബൈജു ചെന്നിത്തല, ജില്ലാ ഭാരവാഹികളായ ജോൺസൺ ടി. തോമസ്, വർഗ്ഗീസ് മാത്യു, ഏബ്രഹാം ജോർജ്, ബിബിൻ മാടത്തേത്ത്, എബിൻ ജോൺ, സ്റ്റാൻലി കിളിവയൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ശോഭ സജി സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ സിജി തോമസ് നന്ദിയും പറഞ്ഞു. മോൻസി ബാബു, ഷീജ നടരാജൻ, നിഷ സിജു എന്നിവരുൾപ്പെടെ നിരവധി സംഘടന നേതാക്കൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

