മുഹറഖിൽ 6.9 കോടി ദിനാറിന്റെ 27 റോഡ് പദ്ധതികൾ പൂർത്തിയായി; അഞ്ചു വൻകിട പദ്ധതികൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് മന്ത്രി
പ്രദീപ് പുറവങ്കര
ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിൽ 2023 മുതൽ ഇതുവരെ 69 ദശലക്ഷം ബഹ്‌റൈൻ ദിനാർ (BD 69 million) ചെലവിൽ 27 റോഡ് പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് പാർലമെന്റിനെ അറിയിച്ചു. ഇതിനുപുറമെ, 45 ദശലക്ഷത്തിലധികം ദിനാർ ചെലവ് വരുന്ന അഞ്ച് പ്രധാന പദ്ധതികളുടെ നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുവരികയാണെന്നും ജനപ്രതിനിധികൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
മുഹറഖ് മേഖലയിലെ വികസന മുന്നേറ്റത്തിന് വേഗത കൂട്ടുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, റോഡുകളുടെ ശേഷി വർദ്ധിപ്പിക്കുക, മലിനജല-മഴവെള്ള ഓവുചാലുകൾ നവീകരിക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ ഷെയ്ഖ് അബ്ദുള്ള അവന്യൂ, ഷെയ്ഖ് ഈസ അവന്യൂ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ 90 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ഇവ പൂർണ്ണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ ഭാവി വികസന പദ്ധതികളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. മുഹറഖിനെയും മനാമയെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട 'നാലാം പാലം', വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നവീകരണം, ബുസൈതീൻ, അൽ സായ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന പാതകളുടെ വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ 21 ദശലക്ഷത്തിലധികം ദിനാർ ചെലവിൽ 14 ഡ്രെയിനേജ് പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൂടുതൽ പമ്പിംഗ് സ്റ്റേഷനുകളുടെ നിർമ്മാണവും നടന്നു വരുന്നു. ഭൂഗർഭ കേബിളുകളും പൈപ്പ് ലൈനുകളും ഉള്ളതിനാൽ മറ്റ് സേവനദാതാക്കളുമായി ചേർന്നുള്ള ഏകോപനം ആവശ്യമാണെങ്കിലും, മുഹറഖിന്റെ വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മന്ത്രാലയം ശക്തമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
dsfgsg

