ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് കവർച്ച: 10 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികൾ പിടിയിൽ, 6 ലക്ഷം ദിനാർ കണ്ടെടുത്തു
പ്രദീപ് പുറവങ്കര
ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് സ്ഥാപനം തകർത്ത് വൻ തുക കവർന്ന കേസിൽ മൂന്ന് പ്രതികളെ വെറും 10 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. കവർച്ച ചെയ്യപ്പെട്ട വിവിധ കറൻസികളിലായുള്ള ഏകദേശം 6,00,000 ബഹ്‌റൈൻ ദിനാറും (BD 600,000) പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തു.
മണി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ കെട്ടിടം തകർത്ത് വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് പ്രതികൾ പണവുമായി കടന്നുകളഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കവർച്ചയെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പ്രദേശം വളയുകയും ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലായത്. അറസ്റ്റിലാകുമ്പോൾ മോഷ്ടിച്ച പണം മുഴുവൻ ഇവരുടെ കൈവശം തന്നെയുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് ടീമിന്റെയും ദ്രുതഗതിയിലുള്ള ഏകോപനമാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
fsfsf

