കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ലോകസമാധാനത്തിനായും ബഹ്‌റൈൻ രാജ്യത്തിന്റെ സുരക്ഷയ്ക്കായും കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC) പ്രത്യേക പ്രാർത്ഥന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരിഷിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, രാജ്യത്തിന്റെ പ്രതിരോധ സേന എന്നിവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി യോഗത്തിൽ പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ചു.

കെ.സി.ഇ.സി പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോൺ പ്രാർത്ഥനയോടെ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ വെരി റവ. സ്ലീബ പോൾ കോർ എപ്പിസ്കോപ്പ, റവ. അനൂപ് സാം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും ബഹ്‌റൈന്റെ സുസ്ഥിരതയ്ക്കുമായി വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോൺ, പ്രിനു കുര്യൻ, സാബു പൗലോസ്, എബിൻ മാത്യു ഉമ്മൻ, അനീഷ് ജോർജ് ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു. മേഖലയിലെ പ്രതിസന്ധികൾ എത്രയും വേഗം അവസാനിക്കുമെന്ന പ്രത്യാശയോടെയാണ് യോഗം സമാപിച്ചത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed