വ്യാപാരസ്ഥാപനങ്ങൾക്ക് ആറുമാസത്തെ വാടക ഒഴിവാക്കണമെന്ന് ബഹ്‌റൈൻ എംപിമാർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ ബഹ്‌റൈനി ഫാക്ടറി - കടയുടമകൾക്ക് ആറുമാസത്തെ വാടകയിളവ് നൽകണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വ്യവസായ പ്ലോട്ടുകളുടെ ലീസ് ഫീസിലും മുൻസിപ്പാലിറ്റികൾ വഴി ഈടാക്കുന്ന കട വാടകയിലും ആറുമാസത്തെ ഇളവ് നൽകണമെന്നാണ് അഞ്ച് എംപിമാർ ചേർന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഹിഷാം അൽ അവാദി, സൈനബ് അബ്ദുൽ അമീർ, മുഹമ്മദ് അൽ മാരഫി, അഹമ്മദ് അൽ സല്ലൂം, ഖാലിദ് ബുവാനാക്ക് എന്നീ എംപിമാരാണ് ഈ അടിയന്തര പ്രമേയം സമർപ്പിച്ചത്. ഇറാൻ ആക്രമണത്തെത്തുടർന്ന് വിപണി മന്ദഗതിയിലായതും പ്രവർത്തനച്ചെലവ് വർദ്ധിച്ചതും സ്വദേശി സംരംഭകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
ദൈനംദിന വരുമാനത്തെ ബാധിച്ചു ബിസിനസ് കുറഞ്ഞെങ്കിലും നിശ്ചിത തുകകൾ കൃത്യസമയത്ത് അടയ്‌ക്കേണ്ടി വരുന്നത് ചെറുകിട-ഇടത്തരം സംരംഭകർക്ക് വലിയ ഭാരമാകുന്നുണ്ടെന്ന് ഹിഷാം അൽ അവാദി പറഞ്ഞു.
സാമ്പത്തിക ബാധ്യതകൾ കാരണം പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഇത് പലരുടെയും തൊഴിൽ നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം. ക്രാഫ്റ്റ് ഷോപ്പുകൾ, റിപ്പയർ വർക്ക്‌ഷോപ്പുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളെ ഈ ഇളവിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണം. ആറുമാസത്തെ ഇളവ് നൽകുന്നതിലൂടെ വ്യാപാരികൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ബിസിനസ് പഴയ രീതിയിലേക്ക് തിരികെ കൊണ്ടുവരാനും സമയം ലഭിക്കുമെന്നും എംപിമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
dasdfsds




