കണക്ക് പറഞ്ഞുതന്നെ തീർക്കും; വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി ടി.ഐ. മധുസൂദനൻ
ഷീബ വിജയൻ
കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി.ഐ. മധുസൂദനൻ വിവാദ കൊലവിളി പ്രസംഗവുമായി രംഗത്ത്. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ പാർട്ടി തീർക്കുമെന്നും ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് കോടതി പറയാത്തതാണ് വലിയ ഭാഗ്യമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ചീമേനിയിൽ അഞ്ച് സഖാക്കളെ ചുട്ടുകൊന്നവരെ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പൊതുയോഗത്തിൽ മധുസൂദനൻ പറഞ്ഞു.
ഞങ്ങളെ പരിഹസിക്കുന്നവർ ഇക്കാര്യം ആലോചിക്കണം. സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കരുത്. കിട്ടേണ്ടത് കിട്ടിയിരിക്കും. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തെ വേട്ടയാടുന്നവർ നന്നായി ആലോചിച്ച് എഴുതിയാൽ മതിയെന്ന വിനയമുള്ള അഭ്യർഥനയാണ് മുന്നോട്ടുവെക്കുന്നതെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.
ധനരാജ് വധക്കേസിലെ വിധിയെയും വിധി പറഞ്ഞ ജഡ്ജിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിലെ മറ്റ് പരാമർശങ്ങൾ. വി. കുഞ്ഞികൃഷ്ണനെ രാഷ്ട്രീയ നപുംസകം എന്ന് വിളിച്ച അദ്ദേഹം, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമാണെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും തടവും ശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. എഴുതിക്കൊടുത്തിട്ടാണോ ഇന്നവരെ ശിക്ഷിക്കണമെന്ന് ജഡ്ജി തീരുമാനിക്കുന്നത്. ധനരാജിന്റെ വീടിന് തൊട്ടുമുന്നിലുള്ള സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. അദ്ദേഹമാണ് ഒന്നാംസാക്ഷി. ആ സാക്ഷി പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമായിട്ടില്ല. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനുമായതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് കോടതി നിലപാട്. നിങ്ങൾ അംഗീകരിക്കേണ്ട. പക്ഷേ ഈ കോടതികളും ഭരണകൂട സംവിധാനങ്ങളും നമ്മളെ പരിഹസിക്കുന്നവരും ഇക്കാര്യം ആലോചിക്കണം. അഞ്ചുപേരെ ചുട്ടുകൊന്ന ചീമേനി സംഭവത്തിൽ ഒരു കോടതിയും ആരെയും ശിക്ഷിച്ചിട്ടില്ല. എങ്കിലും അവരാരും ഇന്ന് ഈ ഭൂമിയിൽ ഇല്ലെന്ന വസ്തുത മനസ്സിലാക്കുന്നത് നല്ലതാണെന്നും മധുസൂദനൻ പറഞ്ഞു.
erwdsdssad


