കയ്റോയിൽ വൻ ദുരന്തം! ടാങ്കർ ലോറി മറിഞ്ഞ് തീപിടിച്ച് 30-ലേറെ പേർ വെന്തുമരിച്ചു; 27 വാഹനങ്ങൾ കത്തിനശിച്ചു!
ഷീബ വിജയൻ
കയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയ്ക്ക് സമീപം ടാങ്കർ ലോറി മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 30ലേറെ പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോയ ലോറി മറിഞ്ഞതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ 27 വാഹനങ്ങൾ കത്തിനശിച്ചതായാണ് അധികൃതർ അറിയിച്ചത്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ഇംബാബ ജില്ലയിലെ പ്രധാന റിങ് റോഡിലാണ് അപകടമുണ്ടായത്. തീ ആളിപ്പടർന്നതോടെ പ്രദേശം വലിയ ദുരന്തഭൂമിയായി മാറി. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. അപകടത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
ഗ്രേറ്റർ കയ്റോ, കയ്റോ, ഗിസ, അൽ ഖലിയൂബിയ മേഖലകളെ ബന്ധിപ്പിക്കുന്ന റിങ് റോഡിലാണ് അപകടം നടന്നത്. അപകടസ്ഥലത്ത് വലിയ തീഗോളം ഉയർന്നതായും ഭീതിജനകമായ കാഴ്ചയായിരുന്നു അതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും പിന്നാലെ റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
adfsdfssads


