അന്വേഷണ ബില്ലിൽ നെതന്യാഹുവിന് പ്രഹരം; 65 വോട്ടിന് പാസാക്കി ഇസ്രായേൽ പാർലമെന്റ്
ഷീബ വിജയൻ
ജറുസലേം: 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് വഴിവെച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനുള്ള ബില്ലിന് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ഇസ്രായേൽ പാർലമെന്റ് ബുധനാഴ്ച പ്രാഥമിക അംഗീകാരം നൽകി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർത്തിരുന്ന ഈ അന്വേഷണ കമീഷൻ ബില്ലിനൊപ്പം, പ്രധാനമന്ത്രിമാരുടെ കാലാവധി പരിമിതപ്പെടുത്താനും ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടവർ പ്രധാനമന്ത്രി പദവിയിൽ തുടരുന്നത് തടയാനുമുള്ള ബില്ലിനും പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ ബിൽ. നിയമമാകാൻ ആവശ്യമായ നാല് ഘട്ട വോട്ടെടുപ്പുകളിൽ ആദ്യത്തേതാണ് പൂർത്തിയായത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹു പ്രതിപക്ഷ നീക്കത്തിനെതിരെ രൂക്ഷമായി രംഗത്തുവന്നു. ഏകാധിപത്യ രാജ്യങ്ങളിലേതുപോലെ രാഷ്ട്രീയ ഉന്മൂലനത്തിനുള്ള ആയുധമായാണ് പ്രതിപക്ഷം ബില്ലിനെ ഉപയോഗിക്കുന്നതെന്ന് നെതന്യാഹു ടെലിവിഷൻ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. സ്വതന്ത്ര കമീഷന് പകരം പാർലമെന്റും മന്ത്രിസഭയും നിയന്ത്രിക്കുന്ന അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സത്യം മൂടിവെക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം വിമർശിച്ചു.
പ്രസിഡന്റ് ചുമതലപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിന്റെ സഖ്യത്തിന് അറബ് ന്യൂനപക്ഷ പാർട്ടികൾ പിന്തുണ നൽകിയതോടെ 50-നെതിരെ 65 വോട്ടുകൾക്കാണ് അന്വേഷണ ബിൽ പാസായത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബന്ദികൾക്കുമായി സത്യം പുറത്തുകൊണ്ടുവരുമെന്ന് ഐസൻകോട്ട് എക്സിൽ കുറിച്ചു. ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. 19 സീറ്റുള്ള അറബ് പാർട്ടികളുടെ പിന്തുണ പ്രതിപക്ഷത്തിന് കരുത്താകുന്നു. ഡിസംബർ 6-നകം പുതിയ സർക്കാർ രൂപീകരിക്കാനാണ് ഐസൻകോട്ടിന് നൽകിയിരിക്കുന്ന സമയം. ഇത് 14 ദിവസം കൂടി നീട്ടിയേക്കാം. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ നെതന്യാഹുവിന് വീണ്ടും അവസരം ലഭിച്ചേക്കും; അതും പരാജയപ്പെട്ടാൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
cddfdfsdfs


