പ്രവാസി വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക പദ്ധതികൾ, ഇൻഷുറൻസ് പ്രീമിയം വർധന തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ കെ.എം.സി.സി നേതാക്കൾ പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി ചർച്ച നടത്തി.

വർഷങ്ങളോളം പ്രവാസിയായി ജീവിച്ച വ്യക്തിയും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി അധ്യക്ഷനുമായ പാറക്കൽ അബ്ദുല്ല എം.എൽ.എ, ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരത്തിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾക്ക് ഉറപ്പുനൽകി.

ബഹ്‌റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.പി. ഫൈസലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രവാസികളുടെ പുനരധിവാസം, ക്ഷേമപദ്ധതികൾ, നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു.

60 വയസ്സ് കഴിഞ്ഞവർക്ക് ചെറിയ തുകയുടെ കുടിശ്ശികയുള്ളതിന്റെ പേരിൽ അംശാദായം അടയ്ക്കാനുള്ള അവസരം നിഷേധിച്ച നടപടി പുനഃപരിശോധിച്ച് കുടിശ്ശിക അടച്ച് പെൻഷൻ ലഭിക്കുന്നതിനുള്ള സംവിധാനം പുനഃസ്ഥാപിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അംശാദായം അടയ്ക്കുന്നതിൽ വന്ന കാലതാമസത്തിന് ഈടാക്കുന്ന ഭീമമായ പിഴ പൂർണമായും ഒഴിവാക്കുകയും ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുകയും വേണം.

എല്ലാ മാസവും നിശ്ചിത തീയതിക്കുള്ളിൽ പെൻഷൻ വിതരണം ഉറപ്പാക്കുക, നിലവിലുള്ള കുടിശ്ശിക പൂർണമായും തീർക്കുക, പെൻഷൻ അപേക്ഷകളിൽ മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി വിതരണം ആരംഭിക്കുക, 60 വയസ്സ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടാൻ അവസരമൊരുക്കുക, യു.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പ്രവാസി പെൻഷൻ വർധനവ് എത്രയും വേഗം നടപ്പിലാക്കുക എന്നിവയും നിവേദനത്തിൽ ഉന്നയിച്ചു.

വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം പൂർണമായും സർക്കാർ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണമെന്നും, നാട്ടിലെത്തിയ ശേഷം വിമാനത്താവളത്തിൽ നിന്ന് പ്രദേശത്തെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കും നോർക്ക സാന്ത്വനം പദ്ധതിയിൽനിന്ന് സഹായം ലഭ്യമാക്കുക, ചികിത്സാ സഹായം 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുക, ബഹ്‌റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നോർക്ക സെന്റർ സ്ഥാപിക്കുക, പ്രവാസികളുടെ മക്കളുടെ ജനന രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലഘൂകരിക്കുക, 70 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും നോർക്ക കാർഡ് അനുവദിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. കൂടാതെ, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് ഒഴിവാക്കണമെന്നും ഇൻഷുറൻസ് പരിരക്ഷയിൽ 25 വയസ്സ് കഴിഞ്ഞ മക്കളെയും സഹോദരങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബഹ്‌റൈൻ കെ.എം.സി.സി ഭാരവാഹികൾക്കൊപ്പം മുൻകാല പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി തുടർചർച്ചകൾ നടത്തണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

article-image

assasasasa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed