94-ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിച്ച് ബഹ്റൈൻ എസ് എൻ സി എസ്
പ്രദീപ് പുറവങ്കര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ 94-ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം നടന്നു. എസ്.എൻ.സി.എസ് വനിതാ വിഭാഗം അവതരിപ്പിച്ച ദൈവദശകം ആലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ചേർന്ന വിളംബര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി കെ.ജി. ബാബുരാജനും ശ്രീമത് ശിവനാരായണ തീർത്ഥ സ്വാമികളും ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശ്രീമത് ശിവനാരായണ തീർത്ഥ സ്വാമികളെയും മുഖ്യാതിഥി കെ.ജി. ബാബുരാജനെയും സംഘാടകർ പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കെ.ജി. ബാബുരാജൻ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലന് പീതപതാക കൈമാറുകയും ശിവഗിരി തീർത്ഥാടകരെ ആദരിക്കുകയും ചെയ്തു.
തുടർന്ന് ശ്രീമത് ശിവനാരായണ തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് ലക്ഷ്യങ്ങളിൽ ഊന്നിയുള്ള ശിവഗിരി തീർത്ഥാടനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചും മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തെക്കുറിച്ചും പ്രസംഗകർ വിശദീകരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു ആശംസകൾ നേർന്നു സംസാരിച്ചു. പ്രതിഷ്ഠാ വാർഷികം കൺവീനർ ശരത് കുമാർ നന്ദി രേഖപ്പെടുത്തി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
adsadsdsds


