ആരാച്ചാരുടെ ചുമതല ആർക്കും നൽകിയിട്ടില്ല; കൊലവിളി പ്രസംഗത്തിൽ സിപിഎമ്മിനെതിരെ കെ. മുരളീധരൻ
ഷീബ വിജയൻ
കണ്ണൂർ: കൊലവിളി നടത്തിയാൽ കൈയുംകെട്ടി നിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി. മധുസൂദനന്റെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് നഷ്ടമായതെന്നും ജെൻസി കാലഘട്ടത്തിൽ ഇതൊന്നും വിലപ്പോകില്ലെന്നും മുരളീധരൻ പറഞ്ഞു. ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന പ്രസംഗങ്ങൾ പഴയകാലത്തെ തുരുമ്പിച്ച കാര്യങ്ങളാണ്. ആരാച്ചാരുടെ ചുമതലയൊന്നും ആർക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സിപിഎം നേതാക്കളും എംപിമാരുമടക്കം വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അരിയിൽ ഷുക്കൂർ വധക്കേസിലെ വിധിയിൽ യുഡിഎഫിനും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ജഡ്ജിയെ ചീത്തവിളിക്കലാണോ വേണ്ടതെന്ന് മുരളീധരൻ ചോദിച്ചു. കേസിലെ യഥാർഥ പ്രതികൾ പുറത്താണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും നിയമവും നീതിയുമൊക്കെയുണ്ട്. ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന എം.വി. ഗോവിന്ദന്റെ തത്വം അദ്ദേഹത്തിനു മാത്രമേ മനസ്സിലാകൂവെന്നും മുരളീധരൻ പരിഹസിച്ചു. രണ്ടു കേസുകളിലും പ്രോസിക്യൂഷന്റെ വീഴ്ചയാണ് ഉണ്ടായത്.
ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെയാണ് കണക്ക് പറഞ്ഞുതന്നെ തീർക്കുമെന്ന് മധുസൂദനൻ പ്രസംഗിച്ചത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യമാണെന്നും ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഒന്നാംസാക്ഷി പറഞ്ഞത് കോടതി അംഗീകരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. ചീമേനി സംഭവത്തിൽ ആരെയും ശിക്ഷിച്ചിട്ടില്ലെങ്കിലും അവരാരും ഇന്ന് ഭൂമിയിലില്ലെന്ന കാര്യം ഓർക്കണമെന്നും മധുസൂദനൻ പറഞ്ഞിരുന്നു.
eqweweqweqw


