ദുബായ് വ്യോമയാന മേഖല ഉണരുന്നു; 2027 തുടക്കത്തോടെ സർവീസുകൾ പൂർവ്വസ്ഥിതിയിലാകുമെന്ന് സിഇഒ
ഷീബ വിജയൻ
ദുബൈ: 2027-ന്റെ തുടക്കത്തോടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ചില കമ്പനികൾ ആഴ്ചകൾക്കുള്ളിൽ തന്നെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്നും, ദുബായിലേക്കുള്ള ഉയർന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിദേശ എയർലൈനുകൾ ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ലെന്നും അദ്ദേഹം ഖലീജ് ടൈംസിനോട് വ്യക്തമാക്കി.
മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, റോയൽ എയർ മറോക്ക്, സൺ എക്സ്പ്രസ്, സെബു പസഫിക്, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ദുബായിലേക്ക് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് യുണൈറ്റഡ് എയർലൈൻസ് ഉൾപ്പെടെയുള്ള ചില കമ്പനികൾ അടുത്ത വർഷം വരെ സർവീസുകൾ നീട്ടിവെച്ചിരിക്കുകയാണ്.
നിലവിൽ 101 രാജ്യങ്ങളിലെ 235 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 57 എയർലൈനുകളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (DXB) സർവീസ് നടത്തുന്നത്. ചൊവ്വാഴ്ച നടന്ന ദുബായ് ഇക്കോണമി ആൻഡ് ടൂറിസം ബ്രീഫിംഗിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 സെപ്റ്റംബറിലെ സീറ്റ് കപ്പാസിറ്റി 8.3 ദശലക്ഷമായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് നാലിലൊന്ന് കുറവാണ്. മേഖലയിലെ പ്രതിസന്ധികൾ കാരണം 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 28.1 ശതമാനം കുറവുണ്ടായി. ഈ കാലയളവിൽ 50.4 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്.
എങ്കിലും കോവിഡിന് ശേഷമുണ്ടായതിന് സമാനമായ അതിവേഗ തിരിച്ചുവരവ് (ഹോക്കി സ്റ്റിക്ക് റിക്കവറി) ദുബായ് വ്യോമയാന മേഖലയിലുണ്ടാകുമെന്ന് ഗ്രിഫിത്ത്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമാനങ്ങൾ ഒന്നും തന്നെ പിൻവലിക്കാത്തതിനാലും ജീവനക്കാരെയും സൗകര്യങ്ങളും വേഗത്തിൽ സജ്ജമാക്കാൻ സാധിച്ചതിനാലും തിരിച്ചുവരവ് എളുപ്പമാകും. 2026-ൽ ആകെ 71 ദശലക്ഷം യാത്രക്കാരെയും, 2027-ൽ 100 ദശലക്ഷം (10 കോടി) യാത്രക്കാരെയുമാണ് ദുബായ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്.
eddsadsdas


