പ്രവാസികളുടെ യാത്രാദുരിതം: കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.കെ.സി.സി.
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ യാത്രാദുരിതത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.കെ.സി.സി. ബഹ്‌റൈൻ ആവശ്യപ്പെട്ടു. വിവാഹം, മരണം, ചികിത്സ, ഉപരിപഠനം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട സാധാരണക്കാരായ പ്രവാസികൾ നിലവിൽ വലിയ പ്രതിസന്ധിയിലാണ്.
ബഹ്‌റൈൻ വ്യോമപാത അടച്ചതും വിമാന സർവീസുകൾ മുടങ്ങിയതും കാരണം അയൽരാജ്യങ്ങൾ വഴി യാത്ര ചെയ്യേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങളുടെ അമിത നിരക്ക് കാരണം കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് അപ്രാപ്യമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസ് നടത്താൻ മുന്നോട്ടുവരണമെന്ന് എ.കെ.സി.സി. ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര ഗവൺമെന്റ് അടിയന്തരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് എ.കെ.സി.സി. ബഹ്‌റൈൻ യൂണിറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിവേദനം നൽകി.
asadssas



