ലോൺ തിരിച്ചടവിന് മൂന്ന് മാസത്തെ ഇളവ് വേണം; ബഹ്റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രാദേശിക സംഘർഷം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ പാർലമെന്റ്. പൗരന്മാരുടെ വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് മൂന്ന് മാസത്തേക്ക് നീട്ടിവെക്കണമെന്ന അടിയന്തര പ്രമേയം എംപിമാർ സഭയിൽ അവതരിപ്പിച്ചു. അധിക പലിശയോ ഫീസോ ഈടാക്കാതെ ഈ ആനുകൂല്യം നൽകണമെന്നാണ് ആവശ്യം.
മേഖലയിലെ സുരക്ഷാ അസ്ഥിരത ബിസിനസ് മേഖലയെയും നിത്യജീവിത ചെലവുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് എംപി ഖാലിദ് ബുഅനാഖ് ചൂണ്ടിക്കാട്ടി. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ വായ്പാ തിരിച്ചടവ് മുടങ്ങുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാകും. തിരിച്ചടവിൽ താൽക്കാലിക ഇളവ് നൽകുന്നത് ജനങ്ങൾക്ക് സാമ്പത്തികമായി ശ്വസിക്കാൻ ഇടം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, മറ്റ് വാണിജ്യ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് ഈ പദ്ധതി നടപ്പിലാക്കാനാണ് ശുപാർശ. വായ്പകൾ നീട്ടിവെക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കരുത്. എങ്കിൽ മാത്രമേ ഈ നടപടി കൊണ്ട് പൗരന്മാർക്ക് യഥാർത്ഥ ഗുണം ലഭിക്കൂ എന്നും വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഇത് സഹായിക്കുമെന്നും എംപിമാർ വ്യക്തമാക്കി.
dscadsasa



