ഉണക്കമീനിനുള്ളിൽ മയക്കുമരുന്ന് കടത്ത്; ബഹ്‌റൈൻ വിമാനത്താവളത്തിൽ വൻ വേട്ട


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണക്കമീനിനും ചെമ്മീനുമിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. ഒരു ഏഷ്യൻ രാജ്യത്തു നിന്നെത്തിയ പുരുഷനെയും സ്ത്രീയെയുമാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. സാധാരണ പരിശോധനയെന്ന് കരുതിയെങ്കിലും എക്സറേ സ്കാനിംഗിൽ സംശയം തോന്നിയതാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്.

കസ്റ്റംസ് പരിശോധനയിൽ ബാഗിനുള്ളിൽ സീൽ ചെയ്ത നിലയിലുള്ള ഉണക്കമീൻ, ചെമ്മീൻ പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവ വിശദമായി പരിശോധിച്ചപ്പോൾ മീനുകൾക്കിടയിൽ സുതാര്യമായ ആറ് പാക്കറ്റുകളിലായി മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾക്കിടയിലും ഭക്ഷണ സാധനങ്ങൾക്കിടയിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് കൈവശമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി.

വിദേശത്തുനിന്നും ബാഗ് എത്തിച്ചു നൽകിയാൽ പ്രതിഫലം നൽകാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തതായാണ് പ്രതികൾ മൊഴി നൽകിയത്. ബഹ്‌റൈനിലെ ഒരു ഹോട്ടലിൽ ഇവർക്കായി മുറി ബുക്ക് ചെയ്തിരുന്നു. അവിടെവെച്ച് ബാഗുകൾ കൈമാറാനായിരുന്നു നിർദ്ദേശം. പോലീസിന്റെ നിരീക്ഷണത്തിൽ ഇവർ ലഹരിമാഫിയയുടെ തലവനെ ബന്ധപ്പെട്ടെങ്കിലും അയാൾ തന്ത്രപരമായി ഒഴിഞ്ഞുമാറി. ബാഗുകൾ മുറിയിൽ വെച്ച് താക്കോൽ അവിടെത്തന്നെ ഉപേക്ഷിച്ചു വിമാനത്താവളത്തിലേക്ക് മടങ്ങാനായിരുന്നു നിർദ്ദേശം.

പ്രതികൾക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മാഫിയ തലവൻ അറിയിച്ചെങ്കിലും പരിശോധനയിൽ അവ വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനുപിന്നാലെ സംഘത്തലവൻ ആശയവിനിമയം പൂർണ്ണമായും അവസാനിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

article-image

dsdsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed