ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ സൈന്യം; 86 മിസൈലുകളും 148 ഡ്രോണുകളും വെടിവെച്ചിട്ടു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധ സേന (BDF) ശക്തമായി നേരിടുന്നു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 86 ബാലിസ്റ്റിക് മിസൈലുകളെയും 148 ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമമേഖല പൂർണ്ണ സുരക്ഷിതമാണെന്നും സൈനികരുടെ കഠിനാധ്വാനത്തിലും ജാഗ്രതയിലും അഭിമാനമുണ്ടെന്നും സൈന്യം വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജനറൽ കമാൻഡ് ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സംശയാസ്പദമായ വസ്തുക്കളിൽ സ്പർശിക്കരുതെന്നും നിർദ്ദേശമുണ്ട്. സൈനിക നീക്കങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ നൽകുന്ന വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്ന് സൈനിക വക്താവ് അറിയിച്ചു.
cbcbc


