ബഹ്‌റൈനിൽ ഇന്ന് മഴയ്ക്ക് സാധ്യത; കാറ്റും തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥയും ഇടവിട്ട മഴയും പ്രതീക്ഷിക്കുന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ മഴ മാറി ആകാശം തെളിയുമെങ്കിലും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 17 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പകൽ സമയങ്ങളിൽ ഇത് ചിലപ്പോൾ 20 മുതൽ 25 നോട്ട് വരെ വർധിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരമാലകളുടെ ഉയരം തീരപ്രദേശങ്ങളിൽ ഒന്ന് മുതൽ മൂന്ന് അടി വരെയും ഉൾക്കടലിൽ മൂന്ന് മുതൽ ആറ് അടി വരെയും ഉയരാൻ സാധ്യതയുണ്ട്. ഇന്നത്തെ പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അന്തരീക്ഷത്തിലെ ആർദ്രത 50 ശതമാനം മുതൽ 100 ശതമാനം വരെയായിരിക്കും. ഇന്ന് രാവിലെ 06:00-നും വൈകുന്നേരം 06:30-നുമാണ് വേലിയേറ്റം പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 12:30-നും പുലർച്ചെ 12:45-നും വേലിയിറക്കവും അനുഭവപ്പെടും.
ഇന്ന് സൂര്യോദയം രാവിലെ 05:57-നും അസ്തമയം വൈകുന്നേരം 05:40-നുമാണ്.
sdfsdf


