‘നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനില്ല’; സി.പി.എം വിടാനൊരുങ്ങി ജി. സുധാകരൻ
ഷീബ വിജയൻ
സി.പി.എമ്മിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാതെ വിട്ടുനിൽക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയിലെ മേൽഘടകങ്ങളിലുള്ള നേതാക്കൾക്ക് താൻ ഒരു ബുദ്ധിമുട്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന രീതിയിൽ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ പരിഹസിച്ചു ചിരിച്ചതും, തന്റെ പിതാവിനെതിരെ പാർട്ടി അംഗം തന്നെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം ചൊരിഞ്ഞതുമാണ് സുധാകരനെ ചൊടിപ്പിച്ചത്.
ആലപ്പുഴയിലെ പാർട്ടി നേതൃത്വം കഴിഞ്ഞ അഞ്ചു വർഷമായി തന്നെ അവഗണിക്കുകയാണെന്നും പൊതുപരിപാടികളിൽ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച തന്നെ അതിന്റെ വാർഷിക പരിപാടിക്ക് പോലും ക്ഷണിച്ചില്ല. ആശയാദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ജനലക്ഷങ്ങൾക്കൊപ്പം തുടരുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
asadsdsf


