ബഹ്‌റൈനിൽ ഫാർമസി മേഖലയിൽ പൂർണ്ണ സ്വദേശിവൽക്കരണത്തിന് നീക്കം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ഫാർമസി മേഖലയുടെ ഉടമസ്ഥാവകാശം സ്വദേശി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര പ്രമേയം. ആരോഗ്യമേഖലയിലെ പ്രൊഫഷണൽ മേൽനോട്ടം ഉറപ്പുവരുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായാണ് പാർലിമെന്റ് എം.പിമാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
എം.പിമാരായ ഖാലിദ് സാലിഹ് ബു അങ്ക്, ഹിഷാം അബ്ദുൽ അസീസ് അൽ അവാദി, അഹമ്മദ് സബാഹ് അൽ സലൂം, മുഹമ്മദ് യൂസഫ് അൽ മാരിഫി, സൈനബ് അബ്ദുൽ അമീർ ഖലീൽ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 1997-ലെ 18-ാം നമ്പർ ഡിക്രി നിയമം അനുസരിച്ച് ഫാർമസികൾ നടത്തുന്നതിനുള്ള ലൈസൻസ് ബഹ്‌റൈൻ പൗരന്മാർക്കും സ്വദേശി കമ്പനികൾക്കും മാത്രമായി നൽകണമെന്ന വ്യവസ്ഥ കർശനമായി നടപ്പിലാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൂടാതെ, ഫാർമസികളുടെ പ്രവർത്തനസമയത്ത് ഉടനീളം ലൈസൻസുള്ള ഒരു ഫാർമസിസ്റ്റിന്റെ സാന്നിധ്യം നിർബന്ധമാക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ഫാർമസി മേഖലയിലെ നിക്ഷേപങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കുന്നത് വഴി ആരോഗ്യസേവന രംഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. കൂടുതൽ സ്വദേശികൾക്ക് ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് തൊഴിൽ വിപണിയിൽ വലിയ സ്ഥിരത കൈവരിക്കാൻ സഹായിക്കും.
ഫാർമസികളിലെ ജീവനക്കാരുടെ യോഗ്യതകൾ ഉറപ്പുവരുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്വദേശി നിക്ഷേപകർക്ക് മുൻഗണന നൽകുന്നതിലൂടെ രാജ്യത്തെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് എം.പിമാരുടെ വിലയിരുത്തൽ.
sdfsd


