ഉപഭോക്തൃ അവകാശ സംരക്ഷണം: നാല് മാസത്തിനിടെ 3,000-ത്തിലധികം പരിശോധനകളുമായി വ്യവസായ വാണിജ്യ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ നാല് മാസത്തിനിടെ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം 3,000-ത്തിലധികം പരിശോധനകൾ പൂർത്തിയാക്കി. അവശ്യവസ്തുക്കളുടെ ലഭ്യത, വിലയിലെ സുതാര്യത, ന്യായമായ വ്യാപാര രീതികൾ എന്നിവ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന വിപണി നിരീക്ഷണത്തിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തുടനീളമുള്ള വിവിധ വിപണികളിലും സ്ഥാപനങ്ങളിലുമായി മൊത്തം 3,191 പരിശോധനാ സന്ദർശനങ്ങളാണ് മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയത്. ഭക്ഷ്യശാലകളിൽ 2,156, ബേക്കറികളിൽ 234, സെൻട്രൽ മാർക്കറ്റുകളിൽ 98, മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 എന്നിങ്ങനെയാണ് പരിശോധനകൾ നടന്നത്.
പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം ഉൽപ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുകളുമായിരുന്നു. നിയമലംഘനം നടത്തിയ 31 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. ഇതിൽ 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകുകയും എട്ടെണ്ണം ഭരണപരമായി പൂട്ടിയിടാൻ ഉത്തരവിടുകയും ചെയ്തു. രണ്ട് സ്ഥാപനങ്ങളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഈ കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച 494 പരാതികളിൽ മന്ത്രാലയം ഉടനടി അന്വേഷണം നടത്തി പരിഹാരം കണ്ടു. പരിശോധനകൾക്കായി 27 സന്നദ്ധ പ്രവർത്തകർ ഏകദേശം 8,939 മണിക്കൂർ സേവനമനുഷ്ഠിച്ച് പങ്കാളികളായി.
വിലക്കയറ്റവും അനധികൃത വ്യാപാര രീതികളും തടയാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിപണിയിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാട്സ്ആപ്പ് (17111225), ഇമെയിൽ (inspection@moic.gov.bh), തവാസുൽ (Tawasul) ആപ്പ് എന്നിവ വഴി മന്ത്രാലയത്തെ വിവരമറിയിക്കാവുന്നതാണ്.
sdfsdf

