വാഹനാപകടം: ഒരാൾ മരിച്ചു, 8 പേർക്ക് പരുക്ക്; മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ കസ്റ്റഡിയിൽ
പ്രദീപ് പുറവങ്കര
മനാമ: ബസ്സിന് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കാർ ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ വിട്ടു. സംഭവം ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കും പബ്ലിക് പ്രോസിക്യൂഷനും സ്ഥിരീകരിച്ചു.
മദ്യപിച്ചെത്തി ശ്രദ്ധയില്ലാതെ വാഹനമോടിച്ച പ്രതി, യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിന് പിന്നിൽ അതിവേഗത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിലെ മെറ്റൽ, കോൺക്രീറ്റ് ബാരിയറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ട്രാഫിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവുകൾ നിരത്തി കുറ്റം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ട പബ്ലിക് പ്രോസിക്യൂഷൻ, മരിച്ചയാളുടെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകാൻ അനുമതി നൽകി.
കേസിലെ നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ ഉടൻ തന്നെ ക്രിമിനൽ കോടതിക്ക് കൈമാറും.
vxvxv

