നിർമ്മാണ വൈകല്യമുള്ള കാർ വിറ്റു; ഇടപാട് റദ്ദാക്കാനും 8,000 ദീനാർ തിരികെ നൽകാനും കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിർമ്മാണ വൈകല്യമുള്ള കാർ വിറ്റ സംഭവത്തിൽ അംഗീകൃത ഏജന്റും കാർ വിൽപന കേന്ദ്രവും ഉപഭോക്താവിന് പണം തിരികെ നൽകണമെന്ന് ബഹ്റൈൻ കോടതി ഉത്തരവിട്ടു. വാഹനത്തിന് ഗുരുതരമായ സാങ്കേതിക തകരാറുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിൽപന കരാർ റദ്ദാക്കിയ അപ്പീൽ കോടതി, 8,000 ബഹ്‌റൈനി ദീനാർ പരാതിക്കാരന് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ കീഴ്ക്കോടതി ഈ പരാതി തള്ളിയിരുന്നെങ്കിലും അപ്പീൽ കോടതിയിൽ ഉപഭോക്താവിന് അനുകൂലമായ വിധി ലഭിക്കുകയായിരുന്നു.

വാങ്ങിയത് മുതൽ കാറിന് നിരന്തരമായ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതിക്കാരന്റെ അഭിഭാഷകൻ അബ്ദുറഹ്മാൻ ഖലീഫ കോടതിയെ ബോധിപ്പിച്ചു. അംഗീകൃത ഏജന്റിന്റെ സർവീസ് സെന്ററിൽ പലതവണ അറ്റകുറ്റപ്പണിക്കായി വാഹനം എത്തിച്ചെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് നിയമപോരാട്ടവുമായി ഉപഭോക്താവ് കോടതിയെ സമീപിച്ചത്.

കോടതി നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന് നിർമ്മാണ ഘട്ടത്തിൽ തന്നെയുള്ള വൈകല്യങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. എയർ കണ്ടീഷൻ ഓൺ ചെയ്യുമ്പോൾ അസഹനീയമായ ദുർഗന്ധം വരിക, എൻജിൻ പ്രവർത്തിക്കുമ്പോൾ വാഹനത്തിന്റെ മേൽക്കൂരയിലും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലും അസ്വാഭാവികമായ ശബ്ദവും വിറയലും അനുഭവപ്പെടുക എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങളായി സമിതി കണ്ടെത്തിയത്.

വാഹനം ഉപയോഗയോഗ്യമായ അവസ്ഥയിലല്ല ഉപഭോക്താവിന് കൈമാറിയതെന്ന് നിരീക്ഷിച്ച കോടതി, വിൽപന കരാർ പൂർണ്ണമായും റദ്ദാക്കി. ഉത്തരവ് പ്രകാരം പരാതിക്കാരൻ വാഹനം തിരികെ നൽകണം. പകരം ഏജന്റും വിൽപന കേന്ദ്രം ഉടമയും ചേർന്ന് വാഹനത്തിന്റെ വിലയായ 8,000 ദീനാറും കോടതി ചെലവുകളും നിയമപരമായ ഫീസായ 300 ദീനാറും പരാതിക്കാരന് നൽകണം.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed