മോട്ടോർ സൈക്കിൾ യാത്രികന്റെ മരണം: ഗർഭിണിയായ യുവതിക്കെതിരെ കോടതിയിൽ വിചാരണ തുടരുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സീഫ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയായ ഗൾഫ് സ്വദേശിനി ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനമോടിച്ച് 21 കാരനായ പാക്കിസ്ഥാൻ സ്വദേശിയുടെ മരണത്തിന് ഇടയാക്കിയെന്നാണ് യുവതിക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ നവംബർ 9-ന് സീഫിലെ സലാഹുദ്ദീൻ അയ്യൂബി അവന്യൂവിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.

സഹോദരിമാർക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രതി, റോഡ് മുറിച്ചുകടക്കുന്നതിനിടെ നിശ്ചിത ലെയ്‌നിൽ നിന്ന് മാറി മറ്റൊരു ലെയ്‌നിലേക്ക് പ്രവേശിക്കുകയും മരണപ്പെട്ടയാൾ സഞ്ചരിച്ച മോട്ടോർ സൈക്കിളിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാക് സ്വദേശി ഒമ്പത് ദിവസത്തിന് ശേഷം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചാണ് മരിച്ചത്. റോഡ് അടയാളങ്ങൾ പാലിക്കാതിരിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, യുവതിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവല്ല മരണത്തിന് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ബന്ദർ ഷമാൽ അൽ ദോസരി കോടതിയിൽ വാദിച്ചത്. അപകടത്തിന് ശേഷം പ്രോസിക്യൂഷന് മൊഴി നൽകാൻ സാധിക്കുന്ന തരത്തിൽ യുവാവ് ബോധവാനായിരുന്നുവെന്നും, അതിനാൽ ആശുപത്രിയിൽ വെച്ചുണ്ടായ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ചികിത്സാ പിഴവോ ആകാം മരണകാരണമെന്ന് അദ്ദേഹം കോടതിയിൽ ഉന്നയിച്ചു. ഓൺലൈൻ നാവിഗേഷൻ മാപ്പ് നോക്കി വാഹനം ഓടിച്ചപ്പോൾ സംഭവിച്ച പിഴവാണിതെന്നും ബോധപൂർവ്വം ചെയ്തതല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.

പ്രതിയുടെ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് മാനുഷിക പരിഗണന നൽകണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെ അമ്മയായ പ്രതി നിലവിൽ ഗർഭിണിയാണെന്നും, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നതിനാൽ ഇവരുടെ ഗർഭാവസ്ഥ സങ്കീർണ്ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ വിശദമായ വാദം കേട്ട കോടതി മാർച്ച് 31-ന് വിധി പ്രസ്താവിക്കാനായി മാറ്റിവെച്ചു

article-image

dgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed