ബെനിഫിറ്റിന് റെക്കോർഡ് കുതിപ്പ്; 2025-ൽ പണമിടപാടുകൾ 37.5 ബില്യൺ ദീനാർ കടന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സേവനദാതാക്കളായ ബെനിഫിറ്റ്, 2025 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തി. ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സിസ്റ്റം (EFTS) വഴിയുള്ള ആകെ പണമിടപാടുകൾ 37.5 ബില്യൺ ബഹ്‌റൈനി ദീനാറായി ഉയർന്നു. 2024-ൽ ഇത് 33.3 ബില്യൺ ദീനാറായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യത്തിൽ 12.6 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളും ബെനിഫിറ്റ് പേ (BenefitPay) ആപ്പും ഉൾപ്പെടെയുള്ള വിവിധ ഡിജിറ്റൽ ചാനലുകളിലൂടെ ആകെ 49.4 കോടി ഇടപാടുകളാണ് കഴിഞ്ഞ വർഷം നടന്നത്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ അവിഭാജ്യ ഘടകമായി മാറിയ ബെനിഫിറ്റ് പേ ആപ്പ് വഴി മാത്രം 46.6 കോടി ഇടപാടുകൾ നടന്നു. ഇതിന്റെ ആകെ മൂല്യം 10.2 ബില്യൺ ദീനാറാണ്. മുൻവർഷത്തെ അപേക്ഷിച്ച് ബെനിഫിറ്റ് പേ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 10.6 ശതമാനവും മൂല്യത്തിൽ 9.5 ശതമാനവും വർധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.

ഇൻസ്റ്റന്റ് ട്രാൻസ്ഫർ സർവീസായ 'ഫൗറി പ്ലസ്' (Fawri+) വഴിയാണ് ഏറ്റവും കൂടുതൽ പണമിടപാടുകൾ നടന്നത്. 46.79 കോടി ഇടപാടുകളിലൂടെ 9.7 ബില്യൺ ദീനാർ കൈമാറ്റം ചെയ്യപ്പെട്ടു. പ്രതിദിന ട്രാൻസ്ഫർ പരിധി 1,000 ദീനാറിൽ നിന്ന് 3,000 ദീനാറായി ഉയർത്തിയതും, വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും സേവനം തടസ്സമില്ലാതെ ലഭ്യമാക്കിയതും ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണമായി. ഇതിന് പുറമെ, ഫൗറി (Fawri) വഴി 1.43 കോടി ഇടപാടുകളിലൂടെ 26.4 ബില്യൺ ദീനാറും കൈമാറ്റം ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

ബിൽ പേയ്‌മെന്റ് സേവനമായ ഫവാത്തീർ (Fawateer) വഴിയുള്ള ഇടപാടുകളുടെ മൂല്യത്തിലും വലിയ വർധനവുണ്ടായി. ഇടപാടുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും പണമടച്ച തുകയുടെ മൂല്യം 20.4 ശതമാനം വർധിച്ച് 1.4 ബില്യൺ ദീനാറിലെത്തി. വ്യക്തിവിവരങ്ങൾ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തുന്ന ഇ-കെവൈസി (eKYC) പ്ലാറ്റ്‌ഫോമിലും 37.8 ശതമാനത്തിന്റെ വലിയ വളർച്ച രേഖപ്പെടുത്തി. വർഷത്തിൽ ഏകദേശം 11 ലക്ഷം വെരിഫിക്കേഷനുകളാണ് ഈ പ്ലാറ്റ്‌ഫോം വഴി നടന്നത്. കൂടാതെ ബെനഫിറ്റിന് കീഴിലുള്ള ബഹ്‌റൈൻ ക്രെഡിറ്റ് റഫറൻസ് ബ്യൂറോ 2025-ൽ 5,41,900 ക്രെഡിറ്റ് റിപ്പോർട്ടുകളും നൽകിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

article-image

dsdfsffsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed