ബഹ്‌റൈനിൽ വാഹനാപകടം: ഹൈവേ മുറിച്ചുകടക്കുന്നതിനിടെ ഏഷ്യൻ പൗരൻ മരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 55 വയസ്സുകാരൻ മരിച്ചു. സീഫ് ഏരിയയ്ക്ക് സമീപം ഹമദ് ടൗൺ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചയാൾ ഏഷ്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ഹൈവേയിൽ തടസ്സപ്പെട്ട ഗതാഗതം പോലീസ് നിയന്ത്രിക്കുകയും സാധാരണ നിലയിലാക്കുകയും ചെയ്തു.
ഹൈവേകൾ മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് അധികൃതർ വീണ്ടും നിർദ്ദേശിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
aa


