മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചിട്ടില്ല; ഹൈക്കോടതിയിൽ വിശദീകരണവുമായി ബെവ്‌കോ
ഷീബ I കേരളം
കൊച്ചി: പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന വാർത്തകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് ബെവ്‌കോ കാര്യങ്ങൾ വ്യക്തമാക്കിയത്.
തങ്ങൾ ഇത്തരമൊരു പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ നേരിട്ട് മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് ബെവ്‌കോയുടെ വിശദീകരണം. ഉൽപ്പാദനം ഇല്ലാത്ത സാഹചര്യത്തിൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരത്തിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോർപ്പറേഷൻ ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് കാട്ടി ബെവ്‌കോയുടെ പേരിൽ നേരത്തെ വാർത്താക്കുറിപ്പ് പ്രചരിച്ചിരുന്നു. ഈ വാർത്താക്കുറിപ്പ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത്. എന്നാൽ ഈ പരസ്യം തങ്ങളുടേതല്ലെന്നാണ് ബെവ്‌കോ ഇപ്പോൾ കോടതിയിൽ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
aa


