ഐ.സി.എഫ് ‘പ്രകാശതീരം’ ഖുർആൻ പ്രഭാഷണം നാളെ മുതൽ; ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷകൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘പ്രകാശതീരം’ ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് നാളെ (വെള്ളിയാഴ്ച) തുടക്കമാകും. മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ രാത്രി എട്ട് മണിക്ക് പ്രഭാഷണ പരമ്പര ആരംഭിക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്രയാണ് ഖുർആൻ പ്രഭാഷണം നടത്തുന്നത്.
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 2012 മുതലാണ് ഐ.സി.എഫ് ‘പ്രകാശതീരം’ എന്ന പേരിൽ ഖുർആൻ പ്രഭാഷണ പരിപാടി ആരംഭിച്ചത്. ‘റമദാൻ വിശുദ്ധിയുടെ മാസം’ എന്ന പ്രമേയത്തിൽ നടക്കുന്ന വിപുലമായ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ വർഷത്തെയും പരിപാടി. ഖുർആൻ പഠന പാരായണ മത്സരമായ ‘തിലാവ’യിൽ ബഹ്റൈനിലെ 11 മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
റമദാൻ മുന്നൊരുക്കം, ഇഫ്താർ സംഗമങ്ങൾ, സകാത്ത് ഡ്രൈവ്, സ്റ്റുഡന്റ്സ് ഇഫ്താർ, സൗഹൃദ സംഗമം, വിവിധ റിലീഫ് പ്രവർത്തനങ്ങൾ, ഈദ് സംഗമം എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും. കൂടാതെ, ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക പരിപാടികളും വിവിധ റീജിയണുകളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാഷണം ശ്രവിക്കുന്നതിന് സ്ത്രീകൾക്കായി പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹന സൗകര്യവും ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്.
aa


