തംകീൻ, ഇൻഷുറൻസ് തട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്ക് ബഹ്‌റൈനിൽ കടുത്ത ശിക്ഷ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിലെ തൊഴിൽ സഹായ പദ്ധതിയായ 'തംകീൻ' (Tamkeen), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) എന്നിവയിൽ നിന്ന് വ്യാജരേഖകൾ ചമച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി കഠിനതടവും പിഴയും വിധിച്ചു. ഔദ്യോഗിക ഇലക്ട്രോണിക് രേഖകളിലും സ്വകാര്യ രേഖകളിലും കൃത്രിമം കാണിച്ച് പണം തട്ടിയ രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
രണ്ട് കേസുകളിലായി ഏകദേശം 88,000 ബഹ്‌റൈനി ദിനാറിന്റെ (ഏകദേശം രണ്ട് കോടിയോളം ഇന്ത്യൻ രൂപ) വെട്ടിപ്പാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം കേസിൽ പ്രതികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 5,000 മുതൽ 50,000 ദിനാർ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസിൽ പ്രതികൾക്ക് ആറ് മാസത്തെ തടവും 1,000 മുതൽ 2,000 ദിനാർ വരെ പിഴയും കോടതി ചുമത്തി.
തങ്ങളുടെ കമ്പനികളിലെ ജീവനക്കാർക്കായി സർക്കാർ നൽകുന്ന വേതന സഹായം (Wage support) നിയമവിരുദ്ധമായി നേടിയെടുക്കാനും, അർഹതയില്ലാത്ത തൊഴിലില്ലായ്മ ആനുകൂല്യങ്ങളും മറ്റും തട്ടിയെടുക്കാനുമാണ് പ്രതികൾ വ്യാജരേഖകൾ നിർമ്മിച്ചത്. തംകീൻ, എസ്.ഐ.ഒ എന്നീ സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വിവരങ്ങൾ അപ്‌ലോഡ് ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
സർക്കാർ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന മുന്നറിയിപ്പാണ് ഈ കോടതി വിധി നൽകുന്നത്. സുരക്ഷാ കാരണങ്ങളാൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
sddsf


