ഇന്ത്യൻ സിനിമയുടെ വൈവിധ്യം ആഘോഷമാക്കി ബഹ്‌റൈനിൽ ഫിലിം ഫെസ്റ്റിവൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യൻ ചലച്ചിത്ര പൈതൃകത്തിന്റെ പെരുമ വിളിച്ചോതിക്കൊണ്ട് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സനാബിസിലെ എപിക്സ് (Epix) സിനിമയിൽ അരങ്ങേറി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 55-ാം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമായാണ് ഈ മേള സംഘടിപ്പിച്ചത്.
ബോളിവുഡ് ചിത്രമായ 'ദി ഡിപ്ലോമാറ്റ്' (The Diplomat), മലയാളത്തിലെ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്' (Manjummel Boys) എന്നിവയുടെ പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് തിയറ്ററുകളിലായി നടന്ന പ്രദർശനങ്ങളിലും പ്രവാസിസമൂഹവും ബഹ്‌റൈൻ സ്വദേശികളുമടക്കം മുന്നൂറോളം അതിഥികൾ പങ്കെടുത്തു.
ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. വിനോദ് കെ. ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രാലയം ഉപദേഷ്ടാവ് ഡോ. അലി ഹസൻ ഫൊള്ളാദ്, സെറൻഡിപിറ്റി ചെയർമാൻ യൂസഫ് സലാഹുദ്ദീൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
ഇന്ത്യൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡി.സി.ഡി.എഫ്.സി (DCDFC) പദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഫെസ്റ്റിവൽ ഒരുക്കിയത്. സിനിമകൾ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള മികച്ച മാധ്യമമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്ഥാനപതി വിനോദ് കെ. ജേക്കബ് ഓർമ്മിപ്പിച്ചു.
ggfd


