വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരത്തിന് ബഹ്‌റൈനിൽ കർശന നിയന്ത്രണം


പ്രദീപ് പുറവങ്കര / മനാമ

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നതിനായി ബഹ്‌റൈനിൽ പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ നിലവിൽ വന്നു. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് (SCE) ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫ ഒപ്പുവെച്ച 2025-ലെ പന്ത്രണ്ടാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ.

ഇതനുസരിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് നൽകുന്ന പ്രത്യേക പെർമിറ്റോ സർട്ടിഫിക്കറ്റോ ഇല്ലാതെ വംശനാശഭീഷണി നേരിടുന്ന ജീവികളെയോ സസ്യങ്ങളെയോ അതിർത്തി കടത്തി വ്യാപാരം നടത്തുന്നത് പൂർണ്ണമായും നിരോധിച്ചു. വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നവർ കൗൺസിലിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. തിരിച്ചറിയൽ രേഖകൾക്കും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും പുറമെ ജീവികളുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.

പൊതുപ്രദർശനങ്ങൾക്കും വാണിജ്യപരമായ വളർത്തലിനും ഇനി മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇത്തരം കേന്ദ്രങ്ങളിൽ ഓരോ ജീവിക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകണം. കൂടാതെ ജനന-മരണ രജിസ്റ്ററുകൾ, ഉടമസ്ഥാവകാശ രേഖകൾ, വാങ്ങുന്നവരുടെ വിവരങ്ങൾ എന്നിവ കൃത്യമായി സൂക്ഷിക്കുകയും വേണം. വാണിജ്യ കേന്ദ്രങ്ങളിൽ മൃഗക്ഷേമ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വെറ്ററിനറി റെക്കോഡുകളും സുരക്ഷാ പ്ലാനുകളും നിർബന്ധമാക്കിയിട്ടുണ്ട്.

സ്ഥിരമായി അതിർത്തി കടന്നുള്ള യാത്രകൾക്കായി ജീവനുള്ള ജീവികൾക്ക് 'ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്' ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ് ഈ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കുക. അന്താരാഷ്ട്ര വ്യാപാരം നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് രജിസ്റ്ററുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി നിയമവിരുദ്ധ വ്യാപാരം ഫലപ്രദമായി തടയുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

article-image

sfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed