ഭക്ഷണസാധനങ്ങൾക്ക് ദൗർലഭ്യമില്ല, വിപണി സുരക്ഷിതം; ആശങ്ക വേണ്ടെന്ന് ബഹ്‌റൈൻ ചേംബർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിലും ബഹ്‌റൈനിലെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് ദൗർലഭ്യമില്ലെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. ചേംബറിലെ ഫുഡ് സെക്ടർ കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ അമീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളുണ്ടായാൽ പകരം വിപണികളെ കാര്യക്ഷമമായി കണ്ടെത്താൻ ബഹ്‌റൈന് വിപുലമായ ശൃംഖലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേരിട്ട് വിപണിയിലെ സാഹചര്യം വിലയിരുത്തുന്നത് ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഖാലിദ് അലി അൽ അമീൻ പറഞ്ഞു. അടിസ്ഥാന ഭക്ഷണസാധനങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കുന്നതിനായി തുറമുഖങ്ങളിൽ ഇവയുടെ ക്ലിയറൻസിന് മുൻഗണന നൽകാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വിതരണക്കാരുടെയും കൊമേഴ്‌സ്യൽ സെന്ററുകളുടെയും സ്റ്റോക്ക് നിലവാരം ദിവസേന നിരീക്ഷിക്കുന്നുണ്ട്. മന്ത്രാലയങ്ങളുമായി സഹകരിച്ച് വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്താനും കമ്മിറ്റി നിരന്തരം പ്രവർത്തിക്കുന്നു.
ബദൽ തുറമുഖങ്ങളും മറ്റും ഉപയോഗിക്കുന്നത് വഴി ഇറക്കുമതി ചെലവിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ചില ഉൽപ്പന്നങ്ങളുടെ വിലയെ ബാധിച്ചേക്കാമെങ്കിലും അത് സാധനങ്ങളുടെ കുറവ് കൊണ്ടല്ലെന്നും മറിച്ച് പ്രവർത്തനച്ചെലവ് കൂടുന്നത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ചെറുകിട-ഇടത്തരം ഭക്ഷ്യസ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളും യോഗം ചർച്ച ചെയ്തു. വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ഫുഡ് സെക്ടർ കമ്മിറ്റി വരും ദിവസങ്ങളിലും അടിയന്തര യോഗങ്ങൾ തുടരും. പ്രമുഖ ഇറക്കുമതിക്കാരുമായി ചേർന്ന് കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാനുള്ള ബദൽ മാർഗങ്ങളും കമ്മിറ്റി സജീവമായി ആലോചിക്കുന്നുണ്ട്.


