105 മിസൈലുകളും 176 ഡ്രോണുകളും തകർത്തു; ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ സൈന്യം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഹീനമായ ഭീകരാക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF). ആക്രമണം ആരംഭിച്ചത് മുതൽ ഇന്നുച്ച വരെ രാജ്യത്തിന് നേരെ തൊടുത്തുവിട്ട 105 മിസൈലുകളും 176 ഡ്രോണുകളും ബി.ഡി.എഫിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.
സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും തങ്ങൾ അഭിമാനിക്കുന്നുവെന്ന് ജനറൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ ആകാശസീമ സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തുന്ന അസാമാന്യമായ പ്രവർത്തനക്ഷമത ജനങ്ങൾക്ക് ആത്മവിശ്വാസവും സുരക്ഷിതബോധവും നൽകുന്നു. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബിഡിഎഫ് ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈനിക നേതൃത്വം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണം. സൈനിക നീക്കങ്ങളോ തകർന്നുവീണ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നത് കർശനമായി ഒഴിവാക്കണം. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം വിശ്വാസത്തിലെടുക്കണമെന്നും ജനറൽ കമാൻഡ് പൗരന്മാരോട് അഭ്യർത്ഥിച്ചു.
rdgdg


