ബഹ്‌റൈനിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ ജസ്‌റയിൽ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
രാജ്യത്തിന്റെ ഊർജ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി 400 കെ.വി ശേഷിയുള്ള ജസ്‌റ പവർ ട്രാൻസ്മിഷൻ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്ക് വേണ്ടി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയാണ് സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. 1930-ൽ മനാമയിൽ വൈദ്യുതി എത്തിയത് മുതലുള്ള ബഹ്‌റൈന്റെ ഊർജ വളർച്ചയിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യം ആഘോഷിക്കുന്ന ‘ഈസ അൽ കബീർ വർഷത്തിന്റെ’ ഭാഗമായാണ് ഈ വൻകിട പദ്ധതി പൂർത്തിയാക്കിയത്. പുതിയ സ്റ്റേഷൻ പ്രവർത്തനക്ഷമമായതോടെ റിഫ മേഖലയിലെ വൈദ്യുതി ഭാരം 25 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വലിയ നിക്ഷേപങ്ങൾക്കും നഗരവൽക്കരണത്തിനും ആവശ്യമായ ഊർജം തടസ്സമില്ലാതെ നൽകാൻ ഈ പവർ സ്റ്റേഷൻ സഹായകമാകും.
ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാകും ജി.സി.സി രാജ്യങ്ങളുമായുള്ള ബഹ്‌റൈന്റെ വൈദ്യുതി വിനിമയ ശേഷി 200 കെ.വിയിൽ നിന്ന് 400 കെ.വി ആയി വർദ്ധിപ്പിച്ചു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം. ഇതിലൂടെ മേഖലയിലെ ആകെ ഊർജ വിനിമയ ശേഷി 926 മെഗാവാട്ടിൽ നിന്ന് 1,359 മെഗാവാട്ടായി ഉയർന്നു. 120 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഹൈ-വോൾട്ടേജ് കേബിളുകൾ ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര കമ്പനികളുടെ സഹകരണത്തോടെ ലോകോത്തര നിലവാരത്തിലാണ് ഈ പവർ സ്റ്റേഷൻ പൂർത്തിയാക്കിയതെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് വ്യക്തമാക്കി. ഗ്രിഡിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ കരുത്തുപകരും.
sfdsf


