കണ്ണീർമഴയിൽ ബഹ്‌റൈൻ; ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാറ ദാഷ്തിക്ക് വിട
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സീഫ് മേഖലയിലെ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിക്ക് ബഹ്‌റൈൻ വിടചൊല്ലി. 28 വയസ്സുകാരിയായ സാറ അബ്ദുൽ ഹമീദ് ദാഷ്തിയുടെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ മനാമയിലെ അൽ-ഹൂറ സെമിത്തേരിയിൽ ഖബറടക്കി. ബഹ്‌റൈൻ സമൂഹത്തെയാകെ നടുക്കിയ ഈ ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താൻ നൂറുകണക്കിന് പൗരന്മാരാണ് എത്തിയത്.
ഇന്ന് പുലർച്ചെ സീഫ് മേഖലയിലെ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന സ്ഥലത്തുവെച്ച് തന്നെ സാറ മരണത്തിന് കീഴടങ്ങിയിരുന്നു. സാറയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള വലിയൊരു കൂട്ടം ആളുകൾ അന്ത്യയാത്രയിൽ പങ്കുചേർന്നു. വിടപറച്ചിലിന്റെ സങ്കടവും രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനകളും ഖബറടക്ക ചടങ്ങിൽ അലയടിച്ചു.
മഴ പെയ്യുന്ന അന്തരീക്ഷത്തിലായിരുന്നു വിലാപയാത്ര നടന്നത്. പെയ്തിറങ്ങിയ മഴത്തുള്ളികൾക്കിടയിലൂടെ തങ്ങളുടെ പ്രിയ സഹോദരിക്ക് അന്ത്യയാത്ര നൽകാൻ എത്തിയവരുടെ സാന്നിധ്യം രാജ്യത്തിന്റെ മനുഷ്യത്വപരമായ ഐക്യത്തിന്റെ പ്രതീകമായി. വേദനയോടെയാണെങ്കിലും പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു വിലാപയാത്രയിലെ ജനപങ്കാളിത്തം.
നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണത്തെ വിലാപയാത്രയിൽ പങ്കെടുത്തവർ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അവർ ആവർത്തിച്ചു. ആക്രമണത്തിൽ സാറ കൊല്ലപ്പെട്ടതിന് പുറമെ നിരവധി പേർക്ക് പരിക്കേൽക്കുകയും താമസസ്ഥലത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് സഹായമെത്തിക്കാനും സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്താനും ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചു.
സാറ ദാഷ്തിയുടെ വിലാപ ചടങ്ങുകൾ നാളെ (ബുധനാഴ്ച) തഷാൻ ഏരിയയിലെ ഇമാം റെസ മോണിംഗ് ഹാളിൽ നടക്കും. രാജ്യത്തിന് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വലിയ തോതിലുള്ള വേദനയാണ് പൗരന്മാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ഏതൊരു വെല്ലുവിളിയെയും നേരിടാൻ ഭരണകൂടത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന ദേശീയ ഐക്യത്തിന്റെ പ്രതിഫലനമാണ് വിലാപയാത്രയിൽ ഉടനീളം ദൃശ്യമായത്.
aa


