ലോൺ ഗഡുക്കൾ മാറ്റിവെക്കണം, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; സർക്കാരിനോട് ആവശ്യപ്പെട്ട് ബഹ്റൈൻ പാർലിമെന്റ് എം.പി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളും ഇറാൻ്റെ ആക്രമണങ്ങളും കണക്കിലെടുത്ത്, സാധാരണക്കാരായ പൗരന്മാരുടെ ജീവിതഭാരം ലഘൂകരിക്കാൻ അടിയന്തര സാമ്പത്തിക നടപടികൾ കൈക്കൊള്ളണമെന്ന് ബഹ്റൈൻ പാർലിമെന്റ് എം.പി ഹസൻ ഇബ്രാഹിം ഹസൻ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ സാമ്പത്തിക-സാമൂഹിക സ്ഥിരത ഉറപ്പാക്കാൻ വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ എന്നിവയുൾപ്പെടെയുള്ളവയുടെ തിരിച്ചടവ് ഗഡുക്കൾ അധിക പലിശ ഈടാക്കാതെ ഈ കാലയളവിൽ മാറ്റിവെക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ ബാങ്കിംഗ് മേഖല വലിയ ലാഭമുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പൗരന്മാർക്ക് ഇളവുകൾ നൽകുക എന്നത് ബാങ്കുകളുടെ ദേശീയവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടാതെ, സാഹചര്യം ശാന്തമാകുന്നത് വരെ സർക്കാർ ഫീസുകളിൽ ഇളവ് നൽകുകയോ അവ ഈടാക്കുന്നത് നീട്ടിവെക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ബഹ്‌റൈനി കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ഏജൻസികൾ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണം. സ്വകാര്യ മേഖലയിലെ ബിസിനസുകളും ജോലികളും സംരക്ഷിക്കാനും കമ്പനികളിലെ പണലഭ്യത ഉറപ്പാക്കാനും ഈ നീക്കം അത്യാവശ്യമാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് പ്രഖ്യാപിച്ചതിന് സമാനമായ ഒരു സാമ്പത്തിക പാക്കേജ് നിലവിലെ സാഹചര്യത്തിലും കൊണ്ടുവരണമെന്നും എം.പി ഹസൻ ഇബ്രാഹിം നിർദ്ദേശിച്ചു. സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അത്തരമൊരു പാക്കേജ് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
sdfsf


