ദമ്മാം വഴി പ്രത്യേക സർവീസുകളുമായി ഗൾഫ് എയർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ. നാളെ (മാർച്ച് 11) മുതൽ ലണ്ടൻ ഹീത്രൂ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കാണ് ദമ്മാമിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുക. ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വ്യോമപാത വീണ്ടും തുറക്കുന്നതുവരെ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ബദൽ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ദമ്മാമിൽ നിന്ന് ലണ്ടൻ ഹീത്രൂ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരിക്കും പ്രത്യേക സർവീസുകൾ ലഭ്യമാകുക. ബഹ്‌റൈനിലെ പ്രവേശന-പുറപ്പെടൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സർവീസുകളിൽ അവസരം ലഭിക്കുക. താൽപ്പര്യമുള്ളവർ ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരും സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ളവരുമായ യാത്രക്കാരെ ബഹ്‌റൈനും ദമ്മാമിനും ഇടയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഗൾഫ് എയർ തന്നെ ഏർപ്പെടുത്തുന്നതാണ്.

സ്ഥിരീകരിച്ച യാത്രാ രേഖകൾ ഇല്ലാത്തവർ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പുതുക്കിയ വിവരങ്ങൾക്കായി ഗൾഫ് എയർ വെബ്‌സൈറ്റോ സ്മാർട്ട്ഫോൺ ആപ്പോ സന്ദർശിക്കാവുന്നതാണ്. വ്യോമപാത തുറക്കുന്ന മുറയ്ക്ക് ബഹ്‌റൈനിൽ നിന്നുള്ള സാധാരണ സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ഗൾഫ് എയർ അറിയിച്ചു.

article-image

aaaaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed