മൈഗവ് ആപ്ലിക്കേഷനിൽ 14 പുതിയ സേവനങ്ങൾ; മൊത്തം സേവനങ്ങൾ 111 ആയി ഉയർന്നു


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമെല്ലാം സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന മൈഗവ് (MyGov) മൊബൈൽ ആപ്ലിക്കേഷനിൽ 14 പുതിയ സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു. ഇതോടെ, കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചതുമുതൽ ആപ്പിൽ ലഭ്യമായ മൊത്തം സേവനങ്ങളുടെ എണ്ണം 111 ആയി ഉയർന്നു. പുതിയ സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (EWA) സഹകരിച്ചുള്ള പേഴ്സനൽ ബിൽ പേമെന്റ് സംവിധാനമാണ്. ഒന്നിലധികം അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഇനി ഒറ്റയടിക്ക് പേമെന്റുകൾ പൂർത്തിയാക്കാൻ ഈ സൗകര്യം സഹായിക്കും.

ഈ പുതിയ അപ്ഡേറ്റ് മൈഗവ് ആപ്പിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) ഇലക്ട്രോണിക് ട്രാൻസ്ഫർമേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് അലി ജനാഹി വ്യക്തമാക്കി. ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ ആപ്പിന്റെ പങ്ക് ശക്തിപ്പെടുത്താനും, നാഷനൽ പോർട്ടലിന് അനുബന്ധമായി പ്രവർത്തിക്കാനും, പൗരന്മാർക്കും താമസക്കാർക്കും വിപുലമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും തങ്ങൾ ലക്ഷ്യമിടുന്നുവെന്നും അലി ജനാഹി പറഞ്ഞു.

കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാഇൽ ഖൈർ’ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഫീച്ചറുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീതിന്യായ, ഇസ്‌ലാമിക കാര്യ, എൻഡവ്‌മെന്റ് മന്ത്രാലയവുമായി സഹകരിച്ച് സകാത്ത്, സംഭാവന പേമെന്റുകൾ, പള്ളികളുടെയും റമദാൻ മജ്‌ലിസുകളുടെയും ലൊക്കേഷനുകൾ, പ്രാർഥന സമയങ്ങൾ, ഖിബ്‌ല ദിശ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ വാക്സിനേഷൻ രേഖകൾ കാണാനും അതുമായി ബന്ധപ്പെട്ട രേഖകൾ ഡൗൺലോഡ് ചെയ്യാനും ഇപ്പോൾ സാധിക്കും. ഗവൺമെന്റ് ആശുപത്രികളുമായി സഹകരിച്ച്, കായികതാരങ്ങൾക്ക് അവരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും ആപ്ലിക്കേഷനിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മൈഗവ് ആപ് പുറത്തിറക്കിയത്. ഇതുവരെ ആൻഡ്രോയിഡ്, ഐഫോൺ പ്ലാറ്റ്‌ഫോമുകളിലായി 640,000ൽ അധികം പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഒമ്പത് സർക്കാർ ഏജൻസികളിൽനിന്നുള്ള 41 സേവനങ്ങളാണ് ആപ്പിൽ ഉണ്ടായിരുന്നത്. പുതിയ സേവനങ്ങളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ള പൗരന്മാർക്കും താമസക്കാർക്കും ഗവൺമെന്റ് സർവിസസ് കോൺടാക്ട് സെന്ററിൽ 80008001 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ തവാസുൽ എന്ന ദേശീയ നിർദേശ-പരാതി സംവിധാനം വഴി അന്വേഷണങ്ങൾ സമർപ്പിക്കുകയോ ചെയ്യാം.

article-image

fdsf

You might also like

  • Straight Forward

Most Viewed