ബഹ്‌റൈൻ തണുപ്പിലേക്ക്: താപനില 17°C വരെ താഴാൻ സാധ്യത
പ്രദീപ് പുറവങ്കര
മനാമ: കടുത്ത വേനലിന് ശേഷം ശേഷം ബഹ്‌റൈൻ തണുപ്പിനെയും മഴയെയും വരവേൽക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ചൂട് കുറഞ്ഞ അവസ്ഥയും രാത്രികാലങ്ങളിൽ നേരിയ തണുപ്പും അനുഭവപ്പെട്ടുതുടങ്ങി. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ് അനുസരിച്ച്, ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് ഗണ്യമായി കൂടിത്തുടങ്ങുകയും താപനിലയിൽ കാര്യമായ കുറവുണ്ടാകുകയും ചെയ്യും. ഇത് രാജ്യത്തുടനീളം ഒരു ശീതതരംഗം പ്രവേശിക്കുന്നതിന്റെ സൂചനയാണ്.
ന്യൂനമർദവും ശക്തമായ കാറ്റുംഇറാഖിന് വടക്കും തെക്കൻ തുർക്കിയിലുമായി രൂപപ്പെട്ട ന്യൂനമർദമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഇത് ശക്തിയേറിയ വടക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റിന് വഴിയൊരുക്കുകയും രാജ്യത്തെ അന്തരീക്ഷം തണുപ്പിലേക്ക് മാറുകയും ചെയ്യും, പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും തണുപ്പ് വർദ്ധിക്കും. ഇന്നലെ രാത്രിയോടെ തന്നെ കാറ്റിന് ശക്തി കൂടിത്തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കി.മീ വരെ എത്താൻ സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുന്നതിനും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനും കാരണമായേക്കാം.
ഇതോടൊപ്പം കടലിലെ തിരമാലകളുടെ ഉയരം മൂന്ന് അടി വരെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കുകയും പ്രത്യേകിച്ച് കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.
dfsdf
