ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ 62ആമത് ഇടവക ദിനം: 30 കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ 62-ാമത് ഇടവകദിനവും 30 കുട്ടികളുടെ ആദ്യ കുർബാന ശുശ്രൂഷയും സനദിലെ മാർത്തോമ്മാ കോംപ്ലക്സിൽ ഭക്തിനിർഭരമായി നടന്നു. കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ബിജു ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് ആദൽ ഡാർവിഷ്, ദിസ് ഈസ് ബഹ്‌റൈൻ ചെയർപേഴ്സൺ ബെറ്റ്സി മത്യേസൺ, ധർമജ്യോതി വിദ്യാപീഠം മുൻ പ്രിൻസിപ്പൽ റവ. ഡോ. സണ്ണി ഇ. മാത്യു എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.
ഇടവക സഹവികാരി റവ. സാമുവേൽ വർഗീസ് പ്രാരംഭ പ്രാർഥനയും ലെയ് വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ് സമാപന പ്രാർഥനയും നിർവഹിച്ചു. ട്രസ്റ്റി മാത്യൂസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി പ്രദീപ് മാത്യൂസ് ഇടവക ദിന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജേക്കബ് ജോർജ് നന്ദി പറഞ്ഞു.
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഇടവകാംഗങ്ങൾ കൂട്ടായി എഴുതി തയ്യാറാക്കിയ വിശുദ്ധ വേദപുസ്തകത്തിന്റെ കൈയെഴുത്തുപ്രതി (ബൈബിൾ ഹാൻഡ് റിട്ടൺ പ്രോജക്ട്) ചടങ്ങിൽ പ്രകാശനം ചെയ്തു. ബൈബിൾ ഹാൻഡ് റിട്ടൺ പ്രോജക്ട് കൺവീനർ ബിജു കെ. നൈനാൻ പ്രോജക്ടിനെപ്പറ്റി ലഘുവിശദീകരണം നൽകി. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും, ദീർഘകാലം ഇടവകയിൽ അംഗങ്ങളായിരുന്നവരെയും ആദരിച്ചു. ഈ പ്രവർത്തനവർഷം 60 വയസ്സ് പൂർത്തിയാക്കിയവർ, വിവാഹ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയവർ, ഇടവക അംഗത്വത്തിൽ 40 വർഷവും 25 വർഷവും പൂർത്തിയാക്കിയവർ, 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, കഴിഞ്ഞ പ്രവർത്തനവർഷത്തെ കൈസ്ഥാന സമിതി അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത്.
റവ. എൻ.കെ. സണ്ണി, പ്രോഗ്രാം ജോയിന്റ് കൺവീനർ ഫിലിപ്പ് സി.ടി, ഇടവക അക്കൗണ്ടൻറ് ട്രസ്റ്റി ചാൾസ് വർഗീസ്, ലെയ് മിനിസ്ട്രന്റ് ജോൺ എം.എസ്, അജി തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ബിനോയ് കെ. ജോൺ, മേഘാ ബിജു എന്നിവരായിരുന്നു സമ്മേളനത്തിന്റെ അവതാരകർ.
dfdsf