അത്യാധുനിക ഗവേഷണക്കപ്പൽ ‘അൽ മസാഹ 2050’ നീറ്റിലിറക്കി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ l അത്യാധുനിക ഗവേഷണക്കപ്പലായ ‘അൽ മസാഹ 2050’ നീറ്റിലിറക്കി ബഹ്റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് കപ്പൽ ഉദ്ഘാടനം ചെയ്തത്. തന്ത്രപ്രധാനമായ തീരുമാനങ്ങളെ പിന്തുണക്കുന്നതിനും സാമ്പത്തിക വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും ലക്ഷ്യമിട്ട് സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോയുടെ ദേശീയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും നാവിക പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും എ.ഐ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവർത്തനം നടക്കുക. ബഹ്റൈൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശങ്ങൾക്കനുസരിച്ച് എല്ലാ മേഖലകളിലും ബഹ്‌റൈൻ സുസ്ഥിര വികസന, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് എസ്.എൽ.ആർ.ബി പ്രസിഡന്റ് ബാസിം അൽ ഹാമർ പറഞ്ഞു.
സമുദ്രത്തിലെ മണൽശേഖരം കണ്ടെത്തുന്നതിനും അതിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘അൽ മസാഹ 2050’ നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിന്റെ അടിത്തട്ട് വിശകലനം ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, ത്രിമാന സർവേ സംവിധാനങ്ങൾ, ഉയർന്ന കൃത്യതയുള്ള പൊസിഷനിങ് ഉപകരണങ്ങൾ, തത്സമയ ഡേറ്റ വിശകലനത്തിനുള്ള എ.ഐ സംവിധാനങ്ങൾ എന്നിവ ഈ കപ്പലിൽ ഒരുക്കിയിട്ടുണ്ട്.
sdff