അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി


പ്രദീപ് പുറവങ്കര

അബുദാബി I അബുദാബിയിലെ താമസസ്ഥലത്ത് മലയാളി വനിതാ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54) ആണ് മരിച്ചത്. ഇന്നലെ രാത്രി (ജൂലൈ 21) മുസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു ദിവസമായി ഡോക്ടറെ ഫോണിൽ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തിങ്കളാഴ്ച അവർ ജോലിസ്ഥലത്തും പോയിരുന്നില്ല. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഡോ. ധനലക്ഷ്മി. പത്ത് വർഷത്തിലേറെയായി യു.എ.ഇയിൽ പ്രവാസിയായ ഇവർ, നേരത്തെ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയിലും പ്രവർത്തിച്ചിട്ടുണ്ട്.

അബുദാബി മലയാളി സമാജത്തിലെ സജീവ അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു ഡോ. ധനലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. ഇവർക്ക് മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ് ഡോ. ധനലക്ഷ്മി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed