ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ചൈന

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ചൈന. ടിബറ്റിലെ യാർലുങ് സാങ്‌പോ നദിയിലാണ് വമ്പൻ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് 'നൂറ്റാണ്ടിന്റെ പദ്ധതി' എന്നാണ് വിശേഷിപ്പിച്ചത്.
ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2020-ലാണ് ഈ പ്രോജക്ട് ആദ്യമായി അവതരിപ്പിച്ചത്. ദീർഘകാലമായി ആസൂത്രണം ചെയ്ത ഈ മെഗാപ്രോജക്റ്റിന്റെ പ്രഖ്യാപനം ചൈനീസ് വിപണികളിൽ വലിയ ഉണർവിന് കാരണമായതായി 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളിലും പരിസ്ഥിതി ഗ്രൂപ്പുകളിലും ഈ ജലവൈദ്യുത പദ്ധതി വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നദിയുടെ താഴത്തെ ഭാഗങ്ങളിൽ നിർമ്മിക്കുന്ന ഈ അണക്കെട്ടിൽ അഞ്ച് ജലവൈദ്യുത നിലയങ്ങൾ ഉണ്ടാകും. ചൈനീസ് മാധ്യമമായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, ഈ പദ്ധതി പ്രതിവർഷം ഏകദേശം 300 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഏകദേശം 1.2 ട്രില്യൺ യുവാൻ (ഏകദേശം 124 ബില്യൺ ഡോളർ) ചെലവ് വരുമെന്നും പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസ് ഡാം സ്ഥിതിചെയ്യുന്നതും ചൈനയിലാണ്. പുതിയ അണക്കെട്ട് ത്രീ ഗോർജസ് ഡാമിൻ്റെ മൂന്നിരട്ടി അധികം ശേഷിയിലാണ് നിർമ്മിക്കുന്നത്. നിലവിൽ ത്രീ ഗോർജസ് ഡാം 88.2 ദശലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
പുതിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിനുള്ള സമയപരിധി ഇതുവരെ നൽകിയിട്ടില്ല. പ്രാരംഭ കണക്കുകളേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാർലുങ് സാങ്‌പോ നദി ഇന്ത്യയുടെ അരുണാചൽ പ്രദേശിലേക്കും അസമിലേക്കും ബ്രഹ്മപുത്ര നദിയായി ഒഴുകുകയും, ഒടുവിൽ ജമുന നദിയായി ബംഗ്ലാദേശിലേക്ക് എത്തുകയും ചെയ്യുന്നു.
പദ്ധതി പൂർത്തിയാകുമ്പോൾ ചൈനയ്ക്ക് വെള്ളം കൈവശം വയ്ക്കാനോ വഴിതിരിച്ചുവിടാനോ കഴിയുമെന്നാണ് ഈ പദ്ധതിയിൽ ഇന്ത്യയും ബംഗ്ലാദേശും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് നദിയുടെ താഴത്തെ പ്രദേശങ്ങളിലുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഡിസംബറിലും ജനുവരിയിലും നടന്ന ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യ ഔദ്യോഗികമായി ഈ പദ്ധതിയെക്കുറിച്ചുള്ള എതിർപ്പ് ചൈനയെ അറിയിച്ചിരുന്നു.
ജലത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്ന വാദത്തെ ചൈന നിഷേധിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും ദുരന്ത നിവാരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സഹകരിച്ച് പ്രവർത്തിക്കുമെന്നും ചൈന അറിയിച്ചിരുന്നു. പുണ്യസ്ഥലങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ടിബറ്റൻ ഗ്രൂപ്പുകളും ഈ പദ്ധതിയെ എതിർക്കുന്നുണ്ട്. ടിബറ്റിലെ മുൻകാല അണക്കെട്ട് പദ്ധതികൾ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കാംടോക്ക് അണക്കെട്ടിനെതിരായ പ്രതിഷേധങ്ങൾ 2023-ൽ നിരവധി പേരുടെ അറസ്റ്റിന് കാരണമായിരുന്നു.
ഭൂമിശാസ്ത്രപരമായി അസ്ഥിരമായ ഈ പ്രദേശം മണ്ണിടിച്ചിലിനും വന്യജീവികൾക്ക് ഭീഷണിയുമാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ശുദ്ധമായ ഊർജ്ജം, തൊഴിലവസരങ്ങൾ, പ്രാദേശിക വികസനം തുടങ്ങിയ നേട്ടങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ചൈന ഈ പദ്ധതിയെ ന്യായീകരിക്കുന്നത്.
aa