ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം; ആഗസ്റ്റ് 5 വരെ നീളും

പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ട മേളയായ ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന് ഔദ്യോഗികമായി തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ്, സാഖിറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഓഗസ്റ്റ് 5 വരെയാണ് ഉണ്ടാവുക.
20-ലധികം പ്രമുഖ ആഗോള ബ്രാൻഡുകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഗെയിമുകളും പ്രശസ്ത കഥാപാത്രങ്ങളും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. ബാർബി, ബ്ലിപ്പി, ഹോട്ട് വീൽസ്, മാർവൽ, ബ്ലൂയി എന്നിവ അവയിൽ ചിലതാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വലുപ്പത്തിൽ കൂടുതൽ വൈവിധ്യമാർന്നതും സംവേദനാത്മകവുമായ പരിപാടികളാണ് ഇത്തവണ സംഘാടകർ ഒരുക്കിയിരിക്കുന്നത്. ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിനും ടൂറിസം സ്ട്രാറ്റജി 2022-2026-ന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രതിദിനം ഒമ്പത് ഷോകളും 23 വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളും പരിപാടിയിൽ അണിനിരക്കുമെന്ന് ബിടിഇഎ ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹിജിജി അറിയിച്ചു.
ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം ഒരു ലക്ഷത്തോളം സന്ദർശകരെ ആകർഷിച്ച കഴിഞ്ഞ വർഷത്തെ മേള, ഹോട്ടലുകളിലെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെയും താമസനിരക്കിൽ ഗണ്യമായ വർദ്ധനവിന് കാരണമായിരുന്നു.ഈ വർഷം ഈ എണ്ണം വർദ്ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, വ്യാഴം മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്നത്. ഒരാൾക്ക് മൂന്ന് ദിനാറാണ് പ്രവേശന ടിക്കറ്റ് നിരക്ക്. അഞ്ച് പേരുടെ ഗ്രൂപ്പിന് 12 ദിനാറിലും പ്രവേശന ടിക്കറ്റ് ലഭിക്കും.
aa