ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് എട്ടു വയസുകാരി മരിച്ചു. വീട് വൃത്തിയാക്കുന്നതിന് ഉപയോഗിച്ച കീടനാശിനിയാണ് മരണകാരണമെന്നാണ് വിവരം. കണ്ണൂർ സ്വദേശികളായ വിനോദ്, നിഷ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ ബംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ബംഗളൂരുവിലെ വാടകവീട്ടിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇവർ വെള്ളിയാഴ്ച നാട്ടിലേയ്ക്ക് പോയിരുന്നു. വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താൻ വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു.
തിങ്കളാഴ്ച തിരികെ വീട്ടിലെത്തിയ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. തുടർന്ന് അവിടെയുണ്ടായിരുന്ന വെള്ളത്തിൽ കാപ്പി ഉണ്ടാക്കി കുടിച്ചിരുന്നു. പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.
കീടനാശിനി അകത്തു ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.