യുപി തെരഞ്ഞെടുപ്പ് ചരിത്ര തീരുമാനവുമായി കോൺഗ്രസ്; 40% സീറ്റ് സ്ത്രീകൾക്ക്


ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ്. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു.

“സ്ത്രീകൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയും, അവർ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തർപ്രദേശിലെ പെൺകുട്ടികൾക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ളതാണ്” പ്രിയങ്ക പത്രസമ്മേളനത്തിൽ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ പ്രിയങ്ക നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്രമന്ത്രിയുടെ മകൻ കാറിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത പ്രിയങ്ക ബിജെപിക്കെതിരെ ആഞ്ഞടിച്ച്രു.
ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്‌നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക അന്ന് ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്നൗവിൽ പ്രചാരണത്തിൽ സജീവമാക്കാനാണ് പ്രിയങ്കയുടെ പദ്ധതി. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന് ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം.

You might also like

Most Viewed