കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺ‍കുട്ടികളെയും പോലീസ് കണ്ടെത്തി


കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി. പിടിയിലാകാനുണ്ടായിരുന്ന നാല് പേരെ രാവിലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടിച്ചത്. ഇവർ നിലവിൽ എടക്കര പോലീസ് സ്റ്റേഷനിലാണ്. വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാൽ പേർ വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. 

അതിനിടെ പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളായ ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യാത്രയ്ക്കിടയിൽ പെൺകുട്ടികളെ പരിചയപ്പെട്ടു എന്നാണ് ഇരുവരും നൽകുന്ന മൊഴി. ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ പെൺ‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ് വ്യക്തമാക്കി.

You might also like

Most Viewed