കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടി; തളയ്ക്കാൻ ശ്രമം തുടരുന്നു


കൊല്ലം: എംസി റോഡിൽ കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്. എലിഫൻഡ് സ്ക്വാഡ് എത്തി ആനയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ഥലത്ത് പോലീസും വലിയ തോതിൽ ജനക്കൂട്ടവും തടിച്ചുകൂടിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ പറന്പിലെ തെങ്ങിൽ തളച്ചിരുന്ന ആനയാണ് വിരണ്ടത്. പൂച്ച കുറുകെ ചാടിയപ്പോൾ വിരണ്ടുപോയ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്. 

എഴുകോണ്‍, കക്കാട് ഭാഗത്ത് എംസി റോഡ് വഴിയാണ് ആന ഓടിയത്. ആന വരുന്നതുകണ്ട് പലരും പരിഭ്രാന്തിയിലായി. റോഡിലൂടെ ആന ഓടിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. നിലവിൽ എംസി റോഡിന് സമീപത്തെ ഒരു ഇടറോഡിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തെത്തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആന ഇടറോഡിലേക്ക് മാറിയതോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

You might also like

Most Viewed